ചായക്കടയിൽ വെച്ച് സൗഹൃദം സ്ഥാപിച്ച് 16കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാടക നടനായ…

കണ്ണൂർ: പയ്യന്നൂരിൽ ചായക്കടയിൽ വെച്ച് പരിചയപ്പെട്ട 16-കാരനെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. രാമന്തളി സ്വദേശിയായ എ.കെ. ഉണ്ണിക്കൃഷ്ണനെയാണ് (65) പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പോക്‌സോ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇയാൾ വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ പിടിയിലാകുന്നത്. കഴിഞ്ഞ ജൂലൈ 15-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പയ്യന്നൂരിലെ ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിനിടയിലാണ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ 16-കാരനുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ഹോട്ടലിൽ നിന്നിറങ്ങിയ വിദ്യാർത്ഥിയെ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് വിശ്വസിപ്പിച്ച് തൻ്റെ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. കുട്ടിയെ വീട്ടിൽ കൊണ്ടുവിടുന്നതിന് പകരം ഉണ്ണിക്കൃഷ്ണൻ തൻ്റെ സ്വന്തം വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി തന്ത്രപരമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി നടന്ന സംഭവങ്ങൾ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് ഉണ്ണിക്കൃഷ്ണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതിയായ ഉണ്ണിക്കൃഷ്ണൻ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഏകദേശം ഒരു വർഷം മുൻപ് ഇയാൾക്കെതിരെ വിവാദമായ മറ്റൊരു പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവേയാണ് ഇയാൾ വീണ്ടും 16-കാരന് നേരെ അതിക്രമത്തിന് മുതിർന്നതും പോലീസിന്റെ പിടിയിലായതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!