തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ കടുത്ത സംഘർഷത്തിനിടെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു. നവാസ് എന്നയാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു വെമ്പായത്തെ ബാറിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാറിലെ എ.സി മുറിയിലിരുന്ന് സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് ദാരുണമായ ആക്രമണത്തിൽ കലാശിച്ചത്.
തർക്കത്തിന് പിന്നാലെ പെട്രോളുമായി തിരിച്ചെത്തിയ നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, കൂടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോളൊഴിച്ച് തീ കൊളുത്തുന്നതിനിടെ അക്രമം നടത്തിയ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് ഏറെ ശ്രമപ്പെട്ട് തീ അണച്ചത്. തീപിടുത്തത്തിൽ എ.സി ബാറിന്റെ ഉൾവശം 80 ശതമാനത്തോളം പൂർണ്ണമായും കത്തിയമർന്നു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അനീഷും നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
