കോട്ടയം : സിപിഎം ഭരിക്കുന്ന കൂരോപ്പട പഞ്ചായത്തിലെ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയുടെയും കുടുംബാംഗങ്ങളുടെയും ദാരുണമായ ആത്മഹത്യ കേരള മനസ്സാക്ഷിയെ നടുക്കിയ സംഭവമാണെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ പറഞ്ഞു.
ഈ ദുരന്തത്തിന് പിന്നിൽ നിരവധി ദുരൂഹതകൾ നിലനിൽക്കുന്നുവെന്ന് ശക്തമായ സംശയങ്ങൾ പൊതുസമൂഹത്തിനുണ്ട്.
ആത്മഹത്യ നടന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ചില നിർണായക രേഖകൾ കണ്ടെത്തിയെന്ന വിവരം അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഈ ദുരന്തത്തിന്‍റെ യഥാർഥ കാരണങ്ങളും അതിന് പിന്നിലെ എല്ലാ ദുരൂഹതകളും ശക്തവും സുതാര്യവുമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്ക് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ഉൾപ്പെടെ രാഷ്ട്രീയ ഇടപെടലുകൾ അന്വേഷണത്തെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ അനുവദിക്കരുത്.
എന്നാൽ ഈസംഭവത്തിൽ ഏറ്റവും ദയനീയമായ ഒരു കാര്യമുള്ളത് ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസ് വെറുമൊരു പത്രക്കുറിപ്പിറക്കി മുഖം രക്ഷിക്കാനുള്ള ദയനീയ ശ്രമമാണ് നടത്തുന്നത്. ഇത്തരം നിലപാട് ജനാധിപത്യ മൂല്യങ്ങൾക്കും നീതിബോധത്തിനും യോജിച്ചതല്ല.
സത്യം മൂടിവെക്കപ്പെടാതിരിക്കാനും നീതി വൈകാതിരിക്കാനും നിയമപാലകർ അതീവ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്
റോയ് ചാക്കോ ആവശ്യപ്പെട്ടു.
