‘അന്നം മുടക്കികൾ കടക്ക് പുറത്ത്’; ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം

തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, മന്ത്രിയുടെ ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ‘അന്നം മുടക്കികൾ കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ബാനർ സ്ഥാപിച്ച് പൊതിച്ചോറ് വിതരണം നടത്തിയത്. ഡിവൈഎഫ്‌ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുൻമന്ത്രി വി. ശിവൻകുട്ടിയും സ്ഥലത്തെത്തി പൊതിച്ചോറ് വിതരണം ചെയ്തു.

സർക്കാർ ആശുപത്രികളിൽ സംഘടനകൾ ബാനർ സ്ഥാപിച്ച് നടത്തുന്ന പൊതിച്ചോറ് വിതരണം നിർത്തലാക്കുമെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ വിതരണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിവാദം ശക്തമായതിന് പിന്നാലെ തന്റെ നിലപാടിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ഭക്ഷണം നൽകുന്നതിനെയല്ല താൻ എതിർത്തതെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ സ്ഥാപിച്ച് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചതിനെയാണ് എതിർത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കാനുള്ള തീരുമാനം ആലപ്പുഴയിലേതാണെന്നും അത് ആലപ്പുഴയുടെ മാത്രം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് ആശുപത്രികളിൽ നിന്നോ ജില്ലകളിൽ നിന്നോ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെ പ്രതിഷേധവും വിമർശനവും ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയിൽ നിന്നും വിശദീകരണം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!