കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍  പെട്രോള്‍, ഡീസല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കണമെന്ന് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറയ്ക്കണണെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ മന്ത്രി ശിവന്‍കുട്ടി ജയിക്കാന്‍ വേണ്ടി ‘രാജീവ്’ എന്ന പേരുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അപര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത് ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിട്ടേണിംഗ് ഓഫീസറെ സഹായിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ നേമം സ്ഥാനാര്‍ത്ഥിയും തൊഴില്‍ മന്ത്രിയുമായ വി.ശിവന്‍കുട്ടിയുടെ തൊഴില്‍ വകുപ്പില്‍ നിന്നുള്ളവര്‍ മാത്രമായത് ദുരൂഹമാണ്. എത്രയും വേഗം തൊഴില്‍ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നേമത്തെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി, അധികാരത്തില്‍ വന്നിട്ട് പത്ത് വര്‍ഷം ഭരിച്ചു. എന്നിട്ടും ഇലക്ഷന്‍ വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്.  ഒന്നും ചെയ്തിട്ടില്ല, ഒന്നും ചെയ്യാന്‍ താല്പര്യവുമില്ല. വിവാദങ്ങള്‍ സൃഷ്ടിക്കുക, നുണ പറയുക, പിന്നെ ഇതുപോലെ സ്വന്തം വകുപ്പിലെ ആളുകളെ തിരുകിക്കയറ്റുക ഇതാണ് ഇവരുടെ രീതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോണ്‍ഗ്രസാണ് ഏറ്റവും നാണമില്ലാത്ത പാര്‍ട്ടി എന്നായിരുന്നു കരുതിയിരുന്നത്, എന്നാല്‍ അതിലിപ്പോള്‍ അവര്‍ക്ക് നല്ലൊരു മത്സരം നല്‍കാന്‍ ശിവന്‍കുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!