ആക്രി പെറുക്കാൻ എന്ന വ്യാജേന വീട്ടിലെത്തി, കൊച്ചുമകളുടെ മാലയുമായി കടക്കുന്നതിനിടെ…

വൈക്കം : വീട്ടിലെത്തിയ കള്ളനെ കയ്യോടെ പിടികൂടി വീട്ടമ്മ. കൊച്ചുമകളുടെ സ്വർണമാലയുമായി രക്ഷപെടാൻ ശ്രമിച്ച കള്ളനെയാണ് വീട്ടമ്മ തടഞ്ഞ് നിർത്തി പിടികൂടിയതും പോലീസിൽ ഏൽപ്പിച്ചതും. കോട്ടയം വെച്ചൂർ ഇടയാഴം പെട്രോൾ പമ്പിനു സമീപം മാരാവള്ളിച്ചിറയിൽ കനകമ്മ (60)യുടെ സമയോചിത ഇടപെടലാണ് കള്ളനെ പിടിക്കാൻ ഇടയായത്. ആക്രി പെറുക്കാനെന്ന വ്യാജേന ഒരു മുച്ചക്ര വാഹനത്തിൽ കനകമ്മയുടെ വീട്ടിൽ എത്തിയ ഗാൾ സ്വദേശി റഹിം(40) ആണ് പിടിയിലായത്.

സംഭവം ഇങ്ങനെ:

പല്ല് വേദനയെത്തുടർന്ന് ഡോക്ടറെ കാണാനായി ആശുപത്രിയിലേക്ക് പോയ കനകമ്മ പല്ല് എടുക്കാൻ പറ്റാതെ വന്നതോടെ വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. മകൾ മനീഷയും കൊച്ചുമകളും ഉദയനാപുരത്തെ പിതാവിന്റെ വീട്ടിലേക്കു പോയി. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വീട് പൂട്ടിയാണ് കനകമ്മ പോയത്. എന്നാൽ തിരികെ എത്തുമ്പോൾ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടതോടെ ആരാണെന്നു ചോദിച്ചു. ഉടനെ കള്ളൻ അടുക്കള ഭാഗത്തെ കതകു തുറന്ന് പ്ലാസ്റ്റിക് കുപ്പി പെറുക്കാനായി കൊണ്ടുവന്ന മുച്ചക്ര വാഹനത്തിന്റെ അടുത്തേക്ക് ഓടി. ഇയാളുടെ കൈവശം കൊച്ചുമകളുടെ മാല വെച്ച പെട്ടി കണ്ടതോടെ കനകമ്മ ബഹളംവച്ചു പിന്നാലെ ഓടുകയും കള്ളനെ തടയുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാർ പശോധിച്ചപ്പോൾ സ്വർണ മാലയും മൊബൈൽ ഫോണും കണ്ടെടുത്തു. പിന്നീട് കല്ലറ പോലീസിനെ വിവരം അറിയിക്കുകയും പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു. മാല തിരികെ കിട്ടിയ സാഹചര്യത്തിൽ കേസ് വേണ്ടെന്ന നിലപാടിലാണ് വീട്ടുകാരെന്നാണ് പോലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!