ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്ര സർക്കാർ ഗണ്യമായി കുറച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തി ലാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. എണ്ണവിലയിലുണ്ടാകുന്ന വർധനവ് ജനങ്ങൾക്ക് അധികഭാരമാകാതിരി ക്കാനാണ് എക്സൈസ് തീരുവയിൽ വൻ ഇളവ് വരുത്തിയിരിക്കുന്നത്.
പെട്രോളിന് നിലവിലുണ്ടായിരുന്ന 13 രൂപയുടെ അധിക തീരുവ 3 രൂപയായി ചുരുക്കിയപ്പോൾ, ഡീസലിന് ഉണ്ടായിരുന്ന 10 രൂപയുടെ അധിക തീരുവ പൂർണമായും ഒഴിവാക്കി. ക്രൂഡ് ഓയിൽ വിലവർധന മൂലമുള്ള സമ്മർദ്ദം ഉപഭോക്താക്കളിൽ നേരിട്ട് ബാധിക്കാതിരിക്കാനും, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നേരിടുന്ന നഷ്ടം കുറയ്ക്കാനുമാണ് ഈ നടപടി. അതേസമയം,, പെട്രോൾ-ഡീസൽ ചെറുകിട വിൽപന വിലയിൽ ഉടൻ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
ഇതിനിടെ, രാജ്യത്തെ വലിയ സ്വകാര്യ എണ്ണക്കമ്പനികളിലൊന്നായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില ഇതിനകം വർധിപ്പിച്ചിരുന്നു. മറ്റ് കമ്പനികളും ഇതേപോലെ വില ഉയർത്തുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106.73 ഡോളർ നിരക്കിലാണ്.
കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രം അവസാനമായി അധിക എക്സൈസ് തീരുവയിൽ മാറ്റം വരുത്തിയത്. അന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നെങ്കിലും, അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കാതെയായിരുന്നു നടപടി. പെട്രോളിനും ഡീസലിനും 2 രൂപ വീതം അധിക എക്സൈസ് നികുതി വർധിപ്പിച്ചെങ്കിലും, പമ്പുകളിലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
