ട്രെയിനിന് മുന്നിൽ ചാടാൻ കാത്തിരുന്നു… 20 മിനിറ്റിനുള്ളിൽ പാഞ്ഞെത്തി പോലീസ്… 11-കാരന് രക്ഷകരായി തൃശൂർ റൂറൽ പോലീസ്

ആളൂർ: അമ്മയോട് പിണങ്ങി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ ആളൂർ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20-ഓടെ മുരിയാട് ഭാഗത്തായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രക്ഷാപ്രവർത്തനം നടന്നത്.

കുട്ടി പരിഭ്രാന്തനായി റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി ഓടുന്നത് കണ്ട നാട്ടുകാരൻ ഉടൻ തന്നെ ആളൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വനിതാ സി.പി.ഒ സനില ഉടൻ തന്നെ വിവരം ഉന്നത ഉദ്യോഗസ്ഥർക്കും പെട്രോളിംഗ് സംഘത്തിനും കൈമാറി.

അപകടസാധ്യത കണക്കിലെടുത്ത് ആളൂർ എസ്.എച്ച്.ഒ ഹരിക്കുട്ടൻ ഉടൻ തന്നെ റെയിൽവേ അധികൃതരെ ബന്ധപ്പെട്ട് ആ സമയത്ത് കടന്നുപോകേണ്ടിയിരുന്ന ട്രെയിനുകൾ ബ്ലോക്ക് ചെയ്യിപ്പിച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.

സി.പി.ഒ മാരായ ശ്രീജിത്ത്, സിനേഷ് എന്നിവർ റെയിൽവേ പാളത്തിലൂടെ കിലോമീറ്ററുകളോളം നടന്ന് തിരച്ചിൽ നടത്തി. മുരിയാട് പൂവശ്ശേരിക്കാവ് – മനപ്പടി റെയിൽവേ ഗേറ്റുകൾക്കിടയിലുള്ള മരക്കൂട്ടങ്ങൾക്കിടയിൽ ട്രെയിൻ വരുന്നത് കാത്ത് ഒളിച്ചിരിക്കുകയായിരുന്നു കുട്ടി. പോലീസ് ഉദ്യോഗസ്ഥർ സ്നേഹപൂർവ്വം സംസാരിച്ച് കുട്ടിയെ അനുനയിപ്പിക്കുകയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

ഇലക്ഷൻ ഡ്യൂട്ടിക്കായി വിവിധ ഇടങ്ങളിലായിരുന്നിട്ടും സന്ദേശം ലഭിച്ച ഉടൻ തന്നെ എല്ലാവരും ഒരേ മനസ്സോടെ ഏകോപിച്ച് പ്രവർത്തിച്ചതാണ് 20 മിനിറ്റിനുള്ളിൽ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. പോലീസിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാർ ഒന്നടങ്കം അഭിനന്ദിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!