ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. സംഭവത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഏഴുമണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം വിജയ്‌യെ വിട്ടയച്ചു. കേസിൽ മൂന്നാം തവണയാണ് നടനെ സിബിഐ ചോദ്യം ചെയ്യുന്നത്.
സിബിഐ ആസ്ഥാനത്തുനിന്ന് മടങ്ങുമ്പോൾ താരത്തെ കാണാൻ നിരവധിപ്പേരാണ് റോഡിൽ തടിച്ചു കൂടിയത്. കാറിന്റെ സൺറൂഫ് വഴി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് വിജയ് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കരൂർ എംഎൽഎ സെന്തിൽ ബാലാജിയോട് മാർച്ച് 17-ന് ചോദ്യംചെയ്യലിന് ഹാജരാവാൻ സിബിഐ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും കേസ് സിബിഐ ഏറ്റെടുത്തിരുന്നു.
