ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ; മറ്റ് രണ്ടുപേർക്കും കുത്തേറ്റു

നെടുങ്കണ്ടം: തൂക്കുപാലത്ത് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്കും കുത്തേറ്റു.

 ഇന്നലെ വൈകിട്ട് ഏഴോടെ തൂക്കുപാലം ടൗണിലാണ് സംഭവം നടന്നത്. തൂക്കുപാലം അമ്പതേക്കര്‍ ബ്ലോക്ക് നമ്പര്‍ 924 ല്‍ രതീഷ് സി നായര്‍ (35) ആണ് മരിച്ചത്.

 സംഭവത്തില്‍ രതീഷിന്റെ ബന്ധുവായ മുണ്ടിയെരുമ കല്ലുമ്മേക്കല്ല് ബ്ലോക്ക് നമ്പര്‍ 714 ല്‍ അനൂപ് വിശ്വനാഥനെ(40) നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. അനൂപിന്റെ പിതൃസഹോദര പുത്രനാണ് മരിച്ച രതീഷ്.

ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നം നിലനിന്നിരുന്നു. വയറിംഗ് തൊഴിലാളിയായ രതീഷ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൂക്കുപാലം ടൗണില്‍ വച്ച് വാഹനം തടഞ്ഞുനിര്‍ത്തി രതീഷിനെ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇതിനിടെ രതീഷിനൊപ്പം ഉണ്ടായിരുന്ന തൂക്കുപാലം സ്വദേശികളായ സനല്‍(40), സഞ്ജു(28) എന്നിവര്‍ക്കും തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!