ന്യൂഡൽഹി : പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ പാക് ഏജന്റിന് കൈമാറിയെന്ന ആരോപണത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ അറസ്റ്റില്‍.
മെയ് 31ന് അറസ്റ്റിലായ ഉദ്യോഗസ്ഥൻ നിലവില്‍ തിഹാർ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
സൈനിക നീക്കങ്ങളും യൂണിറ്റുകളുടെ വിന്യാസവും ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജൻസിയുമായി പങ്കുവെച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് സൂചന. ഹണി ട്രാപ്പില്‍ കുടുങ്ങിയതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
സൈനിക യൂണിറ്റുകളുടെ നീക്കങ്ങള്‍ സംബന്ധിച്ച ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഇയാള്‍ പങ്കുവെച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകന്റെ മൊബൈല്‍ ഫോണില്‍ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ ചോർത്തിയതായും ആരോപണമുണ്ട്.
പ്രതിരോധ രഹസ്യങ്ങള്‍ പാക് ഏജന്റിന് കൈമാറി; വ്യോമസേനാ വിങ് കമാൻഡര്‍ അറസ്റ്റിൽ
