ചാത്തന്നൂരിൽ യുഡിഎഫിന്റെ പുതിയ പരീക്ഷണം; ഫോർവേഡ് ബ്ലോക്കിന് കേരളത്തിൽ ആദ്യമായി സീറ്റ് അനുവദിച്ച് കോൺഗ്രസ്

ന്യൂഡൽഹി: കേരളത്തിൽ ആദ്യമായി ഫോർവേഡ് ബ്ലോക്കിന് നിയമസഭാ സീറ്റ് അനുവദിച്ച് യുഡിഎഫ്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ നിയോജക മണ്ഡലമാണ് ഫോർവേഡ് ബ്ലോക്കിന് അനുവദിച്ചിരിക്കുന്നത്. 

ദേശീയതലത്തിൽ ഇടത് മുന്നണിയുടെ ഭാഗമായ ഫോർവേഡ് ബ്ലോക്ക് കേരളത്തിൽ കോൺഗ്രസിനൊപ്പമാണ്. ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനാകും ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐ തുടർച്ചയായി വിജയിക്കുന്ന ചാത്തന്നൂരിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ചാത്തന്നൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സജീവമാകാൻ കോൺഗ്രസ് നേതൃത്വം ദേവരാജനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഫോർവേഡ് ബ്ലോക്ക് ആദ്യം കൊല്ലം മണ്ഡലം ആവശ്യപ്പെട്ടിരുന്നെങ്കിലും സീറ്റ് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറായില്ല. തുടർന്ന് കൊല്ലം ജില്ലയിൽ ഒരു സീറ്റ് നൽകണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ദേവരാജനെ ചാത്തന്നൂരിൽ മത്സരിപ്പിക്കാൻ തീരുമാനമായത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി നേതാവ് ബി.ബി. ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ. കഴിഞ്ഞ തവണ ഗോപകുമാർ 42,090 വോട്ടുകൾ നേടി ബിജെപിക്ക് ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരുന്നു. അതേസമയം, കോൺഗ്രസിന്റെ മുതിർന്ന നേതാവ് എൻ. പീതാംബരക്കുറുപ്പ് മത്സരിച്ചിട്ടും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

2016-ലെ തിരഞ്ഞെടുപ്പിലും കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ മത്സരിച്ചെങ്കിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ മുൻ എംഎൽഎ പ്രതാപവർമ്മ തമ്പാന്റെ മകൾ ചൈത്ര തമ്പാനെ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ചയും കോൺഗ്രസിനകത്ത് ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. ബിജെപിയിലേക്കുള്ള വോട്ട് ഒഴുക്ക് തടയാനുള്ള ശ്രമമായിരുന്നു ആ ആലോചന.

ഇതിനിടെ മൂന്ന് തവണ തുടർച്ചയായി വിജയിച്ച സിപിഐ നേതാവ് ജി.എസ്. ജയലാലിനെ ടേം വ്യവസ്ഥ പ്രകാരം മാറ്റി മുതിർന്ന നേതാവ് ആർ. രാജേന്ദ്രനെയാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. 1965-ൽ രൂപംകൊണ്ട ചാത്തന്നൂർ മണ്ഡലത്തിൽ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 12 തവണയും ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. ജി. ദേവരാജന്റെ ദേശീയ പ്രതിച്ഛായ മണ്ഡലത്തിൽ ഗുണകരമാകുമെന്ന് യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നു. യുഡിഎഫിന്റെ ഭാഗമായി ഫോർവേഡ് ബ്ലോക്കിന് ആദ്യമായാണ് ഒരു നിയമസഭാ സീറ്റ് അനുവദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!