തിരുവനന്തപുരം : അന്തർസംസ്ഥാന ചരക്കുനീക്കത്തിനുള്ള അഡ്വാൻസ് നികുതി അടച്ചതിൽ ക്രമക്കേട് നടത്തിയ കേസിൽ നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 32 വർഷം കഠിനതടവും 11,36,193 രുപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിൽ ജൂനിയർ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന പുഷ്പറാണി എൽ വ്യാപാരിയും ഏജന്റുമായ പ്രതികളുമായിച്ചേർന്ന് ഗൂഢാലോചന നടത്തി, ട്രഷറിയിൽ അടച്ച മുൻകൂർ നികുതിയുടെ ചെല്ലാനുകളിൽ യഥാർത്ഥത്തിൽ അടച്ച തുകയേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തിയ വ്യാജ ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പ് നടത്താൻ സഹായിച്ചതിലൂടെ സർക്കാരിന് 26,58,595/ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് വിജിലൻസ് കോടതിയുടെ നടപടി.
മലയിൻകീഴ് സ്വദേശി പുഷ്പറാണി എൽ, കന്യാകുമാരി സ്വദേശിയും വ്യാപാരിയുമായ ഫ്രാൻസിസ് കെ വ്യാപരികളുടെ ഏജന്റായി പ്രവർത്തിച്ച പാറശാല സ്വദേശിയായ സതീഷ് കുമാർ എന്നിവരെയാണ് ശിക്ഷിച്ചത്.
പുഷ്പറാണിയെയും സതീഷ് കുമാറിനെയും 32 വർഷം വീതം കഠിനതടവിനും 11,36,193 രൂപ വീതം പിഴ ഒടുക്കുന്നതിനും, ഫ്രാൻസിസ് കെ യെ 8 വർഷം കഠിന തടവിനും 6,11,560 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
അന്തർസംസ്ഥാന വ്യാപാരവുമായി ബന്ധപ്പെട്ട് സംസ്ഥാന വാണിജ്യ നികുതി വകുപ്പിൽ വ്യാപാരികൾ അടയ്‌ക്കേണ്ട മുൻകൂർ നികുതിയിൽ 2007-2008 കാലഘട്ടത്തിൽ വ്യാപാരികൾ ട്രഷറിയിൽ യഥാർത്ഥത്തിൽ അടച്ച തുകയേക്കാൾ ഉയർന്ന തുക ചെല്ലാനുകളുടെ ഡ്യൂപ്ലിക്കേറ്റ്, ട്രിപ്ലിക്കേറ്റ് പകർപ്പുകളിൽ രേഖപ്പെടുത്തി കൃത്രിമം നടത്തുകയും, ട്രഷറിയിൽ അടച്ച നികുതി തുക പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതലയുണ്ടായിരുന്ന നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ അന്നത്തെ ജൂനിയർ സൂപ്രണ്ട് പുഷ്പറാണി എൽ. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയും, വ്യാപാരികളുടെയും ഉദ്യോഗസ്ഥയുടെയും ഇടനിലക്കാരനായി പാറശ്ശാല സ്വദേശി സതീഷ് കുമാർ പ്രവർത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ആകെ 26,58,595/ രൂപയുടെ നികുതി നഷ്ടമുണ്ടായിരുന്നു.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് മനോജ് എ ആണ് വിധി പ്രസ്താവിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -ക ലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ കെ പ്രസന്നകുമാർ എം.എച്ച് ലത്തീഫ്, ബി. ഉദയകുമാർ, കെ പ്രശാന്ത് എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.
