വാഷിങ്ടൺ : ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ച് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങിനെതിരെ എഫ്ബിഐ അന്വേഷണം നടത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ജെൻസൻ ഹുവാങ് അന്വേഷണത്തിൽ കുടുങ്ങുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം സത്യസന്ധനായ വ്യക്തിയാണെന്നും ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ നിർമിതബുദ്ധി രംഗത്തെ പ്രമുഖരിലൊരാളായ ജെൻസൻ ഹുവാങുമായി ബന്ധപ്പെട്ട ചാരവിവാദം യുഎസിലെ രാഷ്ട്രീയ-സാങ്കേതിക മേഖലകളിൽ വലിയ ചർച്ചയായിരിക്കുകയാണ്. എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചൈനയ്ക്ക് ചോർന്നിട്ടുണ്ടോ എന്ന ആശങ്കയും ഇതോടെ ശക്തമായി.
അതേസമയം, എഫ്ബിഐയുടെ അന്വേഷണം മറ്റെന്തോ കാര്യത്തിലായിരിക്കാമെന്നും ജെൻസൻ കുഴപ്പത്തിലാകില്ലെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറഞ്ഞു.
ജെൻസനുമായി ഫോണിൽ സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനും ആശ്വസിപ്പിക്കാനുമാണ് വിളിച്ചതെന്ന് ട്രംപ് പറഞ്ഞു. സംശയിക്കപ്പെടുന്ന സ്ത്രീ ചാരവനിതയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ജെൻസൻ ഫോണിൽ അറിയിച്ചത്. ജെൻസനെ തനിക്ക് അടുത്തറിയാമെന്നും അദ്ദേഹം മാന്യനും സത്യസന്ധനുമായ വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു വർഷം മുൻപുതന്നെ ട്രംപിന് ലഭിച്ചിരുന്നുവെന്നും എന്നാൽ ചൈനയുമായുള്ള ബന്ധം വഷളാകാതിരിക്കാൻ വിഷയം രഹസ്യമാക്കി വച്ചെന്നുമാണ് കഴിഞ്ഞ മാസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
അടുത്തയാഴ്ച ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന എപെക് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ ചാരവിവാദം ഷിയുമായി ചർച്ച ചെയ്യുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ചിലപ്പോൾ വിഷയം ഉന്നയിച്ചേക്കാമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഷി ഇക്കാര്യം തന്നോട് ചോദിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
