മുഹമ്മ (ആലപ്പുഴ) : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന മണിയാപറമ്പ് ബോട്ട് സർവ്വീസിലെ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കാ നുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി യാത്രക്കാർ. ജല ഗതാഗത വകുപ്പ് അധികാരികൾ ഈ നീക്കത്തിൽ നിന്ന് പിൻമാറണമെന്നു യാത്രികർ ആവശ്യപ്പെട്ടു.
ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു ഒരു ബോട്ടാണ് മണിയാപറമ്പ് റൂട്ടിലേയ്ക്ക് സർവ്വീസ് നടത്തുന്നത്. ഈ യാത്ര ബോട്ടിനെയാണ് ആർപ്പുക്കര, അയ്മനം പഞ്ചായത്തുകളിലെ നിവാസികൾ ആശ്രയിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും , വിദ്യാർത്ഥികളും , കർഷകരും , കർഷക തൊഴിലാളികൾക്കും ഏക ആശ്രയം ഈ ബോട്ട് മാർഗ്ഗം മാത്രമാണ്. കൂടാതെ പ്രതിദിനം നിരവധിയായ രോഗികൾ കോട്ടയം മെഡിക്കൽ കോളേജിൽ പോകാൻ ആശ്രയിക്കുന്നതും മണിയാപറമ്പ് ബോട്ട് സർവ്വീസിനെ മാത്രമാണ്.
സർവ്വീസുകൾ വെട്ടിക്കുറച്ചാൽ നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. ഇക്കാര്യം കണക്കിലെടുത്ത് സർവീസ് കുറയ്ക്കാനുള്ള നീക്കത്തിൽ നിന്നു വകുപ്പ് പിൻമാറണമെന്നും, അല്ലാത്തപക്ഷം ശക്തമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യാത്രക്കാരുടെ തീരുമാനം. ജലഗതാഗത വകുപ്പിൻ്റെ നീക്കത്തിൽ കടുത്ത പ്രതിഷേധം ഉണ്ടെന്ന് സ്ഥിരം യാത്രികരായ ധനീഷ് , ആശോകൻ ചീപ്പുങ്കൽ,എബി, ജോമോൻ , ജോജിമോൻ , ആതിര ,ലത , ജനനി, രമ്യ നിശാന്ത്, ജയചന്ദ്രൻ , ജയശ്രീ , സന്ധ്യ എന്നിവർ പറഞ്ഞു.
