ഇറാനിൽ ‘മിഷൻ റെസ്ക്യൂ’… ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രത്തിന്റെ വൻ നീക്കം…

ന്യൂഡൽഹി : ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന. വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതിനായിരം ഇന്ത്യക്കാർ ഇറാനിൽ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യക്കാർ കൂടുതലായും ഉള്ളത് ടെഹ്റാൻ, കോം എന്നീ നഗരങ്ങളിലാണ്.

സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടിയിലേക്ക് ഇന്ത്യ കടന്നത്. ആദ്യഘട്ടമായി ടെഹ്‌റാനിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതയാണ് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. വ്യോമഗതാഗതം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കരമാർഗം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള പദ്ധതിയാണ് ഇന്ത്യ തയാറാക്കിയിരിക്കുന്നത്.

വിദ്യാർഥികൾ, ഷിയ വിഭാഗത്തിൽപ്പെടുന്ന തീർഥാടകർ, നാവികർ എന്നിവരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിലിപ്പോൾ ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇവരുടെ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!