ചെന്നൈ : സർക്കാർ പുതുതായി വാങ്ങിയ ബൊലേറോ ഓടിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ആരോഗ്യ-പൊതുക്ഷേമ വകുപ്പിനായി വാങ്ങിയ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിലാണ് വിജയ് സർക്കാർ വാഹനം ഓടിച്ചത്. 2.9 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 40 പുതിയ വാഹനങ്ങളാണ് ചടങ്ങിൽ സർവീസിലേക്ക് കൈമാറിയത്.
സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ ഓരോ വാഹനത്തിന്റെയും ഡ്രൈവർമാർക്ക് വിജയ് താക്കോൽ കൈമാറി. മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് സർക്കാർ ആവശ്യങ്ങൾക്കായി വാങ്ങിയിരിക്കുന്നത്.
പരിപാടിയുടെ അവസാനത്തിൽ ഒരു ഡ്രൈവർ പുതിയ വാഹനം ഓടിച്ചുനോക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചതോടെ വിജയ് ഡ്രൈവിങ് സീറ്റിലെത്തി. ഡ്രൈവറെ സമീപ സീറ്റിലിരുത്തി സെക്രട്ടേറിയറ്റ് പരിസരത്ത് വാഹനം ഓടിച്ചാണ് അദ്ദേഹം വാഹനത്തിന്റെ പ്രകടനം വിലയിരുത്തിയത്. ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
1.5 ലീറ്റർ എംഹോക്ക് ഡീസൽ എഞ്ചിനോടുകൂടിയ മഹീന്ദ്ര ബൊലേറോയുടെ വിപണി വില ഏകദേശം 8 മുതൽ 10 ലക്ഷം രൂപ വരെയാണ്.
