കൊച്ചി: നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓര്‍ഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റില്‍. വിദേശത്തുനിന്നെത്തിയ ഇയാളെ എന്‍ഐഎയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മൊയ്തീന്‍കുട്ടി മാസ്റ്റര്‍ ട്രെയിനറെന്ന് എന്‍ഐഎ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം പത്തുവര്‍ഷമാണ് ഇയാള്‍ ആയുധപരിശീലനം നടത്തിയത്. നൂറിലേറെ യുവാക്കള്‍ക്ക് പരിശീലനം ലഭിച്ചെന്ന് കണ്ടെത്തിയതായും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. വളാഞ്ചേരിയില്‍ ആക്രിക്കട നടത്തിയിരുന്ന ഇയാള്‍ സംഘടന നിരോധിച്ചതോടെയാണ് ഒളിവില്‍പ്പോയത്.
ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൊയ്തീന്‍കുട്ടി യുഎഇയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി. മൊയ്തീന്‍കുട്ടിയുടെ യുഎഇയിലെ പ്രവര്‍ത്തനങ്ങളിലേക്കും എന്‍ഐഎ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ പദ്ധതി.
പിഎഫ്‌ഐ കേസിലെ 70-ാം പ്രതിയാണ്. അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാള്‍. പിഎഫ്‌ഐ കേസില്‍ മുഹമ്മദ് മന്‍സൂര്‍ (പട്ടാമ്പി), അബ്ദുള്‍ വഹാബ് (പറവൂര്‍), അബ്ദുള്‍ റഷീദ് (പട്ടാമ്പി), മുഹമ്മദ് യാസര്‍ അറാഫത്ത് (ആലങ്ങാട്), ടി എ അയൂബ് (എടവനക്കാട്) എന്നിവര്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി 2024ല്‍ എന്‍ഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
