ലക്ഷ്വറി കാറും വിദേശയാത്രയും; ആർഭാട ജീവിതത്തിനായി 60 മോഷണം നടത്തിയ ടെക്കി പിടിയിൽ

വിശാഖപട്ടണം : വിദേശയാത്രകളും ലക്ഷ്വറി കാറുകളും ഉൾപ്പെടുന്ന ആർഭാട ജീവിതത്തിനായി മോഷണം പതിവാക്കിയ മുൻ ഐടി ജീവനക്കാരൻ വിശാഖപട്ടണം പോലീസിന്റെ പിടിയിലായി. ഹൈദരാബാദിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന, ഉന്നത വിദ്യാഭ്യാസമുള്ള ആച്ചി മഹേഷ് റെഡ്ഡി (27) എന്ന ‘സണ്ണി’ ആണ് അറസ്റ്റിലായത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.

നല്ല ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും, ബിഎംഡബ്ല്യു കാർ വാങ്ങാനും വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുമുള്ള അമിതമായ സാമ്പത്തിക ആവശ്യങ്ങളാണ് സണ്ണിയെ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്. വിസാഗിലെ മാധവധാരയിൽ താമസിച്ചിരുന്ന ഇയാൾ, ഹൈടെക് രീതിയിലാണ് മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. 699 ഗ്രാം സ്വർണ്ണം, 3.8 കിലോ വെള്ളി, മോഷണപ്പണം കൊണ്ട് വാങ്ങിയ ബിഎംഡബ്ല്യു കാർ, സ്കൂട്ടർ എന്നിവ പോലീസ് പിടിച്ചെടുത്തു.

മാസ്കുകൾ, ഡ്രില്ലിങ് മെഷീനുകൾ, ഗ്ലൗസുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇയാൾ വീടുകൾ കുത്തിത്തുറന്നിരുന്നത്. സണ്ണിക്ക് കൗമാരപ്രായം മുതൽ തന്നെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി വെളിപ്പെടുത്തി. ആദ്യമായി മോഷണക്കേസിൽ പിടിയിലായി ബാലഭവനിലേക്ക് അയക്കപ്പെട്ടു. ജയിൽ മോചിതനായ ശേഷം കാക്കിനഡ, രാജമുൻട്രി തുടങ്ങിയ ഇടങ്ങളിൽ മോഷണം തുടർന്നു. മുൻപ് നടന്ന കുറ്റകൃത്യങ്ങളിൽ 14 മാസം രാജമുൻട്രി സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.

നിലവിൽ സണ്ണിയുടെ അറസ്റ്റോടെ നഗരത്തിലെ 26 ഓളം പ്രധാന കേസുകൾക്ക് തുമ്പുണ്ടായതായും സംസ്ഥാനത്തുടനീളം ഇയാൾക്കെതിരെ അറുപതിലേറെ കേസുകൾ ഉണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!