മെസ്സി വിവാദത്തിൽ മുൻ കായികമന്ത്രിയെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്

തിരുവനന്തപുരം: മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കി കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി നേരിട്ട് വാദിച്ചുകൊണ്ട് വി. അബ്ദുറഹിമാൻ എ.എഫ്.എയ്ക്ക് അയച്ച ഇ-മെയിൽ സന്ദേശമാണ് പുറത്തുവന്നത്. 2025 ഒക്ടോബർ 18-ന് അയച്ച മെയിലിൽ കരാർ റദ്ദാക്കിയ എ.എഫ്.എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

എ.എഫ്.എ–ആർ.ബി.സി കരാർ വെറും വാണിജ്യ കരാറല്ലെന്നും സർക്കാരിന്റെ മുൻകൈയിലുള്ള ഉറപ്പാണെന്നും മെയിലിൽ വി. അബ്ദുറഹിമാൻ വ്യക്തമാക്കുന്നു. 130 കോടി ജനങ്ങൾ കേരള സർക്കാരിനെ വിശ്വസിച്ചാണ് പദ്ധതിയെ നോക്കിക്കണ്ടതെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും മെയിലിൽ പറയുന്നു. കരാറുമായി ബന്ധപ്പെട്ട് കേരളം നൽകിയ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും മുൻ മന്ത്രി എ.എഫ്.എയെ അറിയിച്ചിട്ടുണ്ട്. ഇതോടെ സ്പോൺസറുമായുള്ള കരാറിൽ സർക്കാരിന് നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് പുറത്തുവരുന്നത്. അതേസമയം, മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്താനാണ് തീരുമാനം.

കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. പദ്ധതിയുടെ ഘടന തന്നെ അസാധാരണമായിരുന്നുവെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലായിരുന്നു പദ്ധതി നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്പോൺസർ കമ്പനിയെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഉത്തരവുകളോ രേഖകളോ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലൂടെ യഥാർഥത്തിൽ നടന്നത് വിദേശനാണ്യ വിനിമയം മാത്രമാണെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിൽ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. തുടർന്ന് അന്വേഷണത്തിന്റെ തുടർനടപടികളിലും തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!