കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ പ്രത്യേക കർമ്മ പദ്ധതി തയ്യാറാകുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. കാൽനട യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രത്യേക കർമ്മ പദ്ധതികൾ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങളുടെ ബാഹുല്യത്തെ മൂലം കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് സീബ്രാ ലൈനുകളുടെ വീതി കൂറ്റൻ തീരുമാനിച്ചത്. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് ഗതാഗതമന്ത്രി ഇക്കര്യം പറഞ്ഞത്.

മൾട്ടിലൈൻ ട്രാഫിക് വരുന്ന പാതകളിൽ ‘പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ട്’ സജ്ജീകരിക്കും. ഈ രണ്ട് സുരക്ഷാ സംവിധാനങ്ങളും തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പിലാക്കും. പിന്നീട്, പ്രവർത്തന സാധ്യത വിലയിരുത്തി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിൻ്റെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാറ്റ്പാക്കിന്റെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കാൽനട യാത്രികരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ ചർച്ചകളും യോഗത്തിൽ നടന്നു.

ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ അരുൺ എസ്. നായർ, ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഐ.ജി എസ്. സതീഷ് ബിനോ, കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. ദീപു, കേരള പൊതുമരാമത്ത് വകുപ്പ് റോഡ് സേഫ്റ്റി സെൽ എക്സിക്യൂട്ടീവ് എൻജിനീയർ എ. പ്രേം, നാറ്റ്പാക് ഡയറക്ടർ ആർ. ആശാലത തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!