‘ഐസ്’ അല്ല, പാസ്‌പോര്‍ട്ട് ‘ചൂടോടെ’ ഉണ്ട്! ‘ഐസിസി… ലോകകപ്പിൽ സീറ്റുണ്ടോ?’; പാകിസ്ഥാനെ ‘ട്രോളി’ ക്രിക്കറ്റ് ഉഗാണ്ടയും

കംപാല: ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കെ രസകരമായ കുറിപ്പുകളുമായി ആദ്യം ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം രംഗത്തെത്തിയിരുന്നു. പിന്നാലെയിതാ ക്രിക്കറ്റ് ഉഗാണ്ടയും രംഗത്ത്. ഐസിസിക്കുള്ള തുറന്ന കത്തിന്റെ രീതിയിലാണ് ഉഗാണ്ടയും കുറിപ്പ് പങ്കിട്ടത്.

കഴിഞ്ഞ ദിവസമാണ് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനെ ട്രോളി രംഗത്തെത്തിയത്. പിന്നാലെയാണ് ഉഗാണ്ടയുടെ മറുപടിയും വന്നത്. ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ടീം ഐസിസിക്ക് തുറന്ന കത്തെന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്കിട്ടിരുന്നു. ഈ കുറിപ്പില്‍ ഉഗാണ്ടയ്ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിനു മറുപടിയയാണ് ക്രിക്കറ്റ് ഉഗാണ്ട നല്‍കിയിരിക്കുന്നത്. പാകിസ്ഥാനുള്ള പരോക്ഷ ട്രോള്‍ കൂടിയാണ് ഈ കുറിപ്പ്.

ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെങ്കില്‍ വേഗം പറയണമെന്നും തങ്ങള്‍ പറക്കാന്‍ ഒരുക്കമാണെന്നും പറഞ്ഞായിരുന്നു പാക് ടീമിനുള്ള ഐസ്‌ലന്‍ഡിന്റെ ട്രോള്‍. പിന്നാലെയാണ് ഐസിസിക്കുള്ള കുറിപ്പും ഐസ്‌ലന്‍ഡ് പോസ്റ്റ് ചെയ്തത്. പാകിസ്ഥാനു പകരം തങ്ങള്‍ ലോകകപ്പ് കളിക്കാന്‍ തയ്യാറാണെന്നും പക്ഷേ ടീമിലെ താരങ്ങള്‍ പ്രൊഫഷണല്‍ അല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ കുറിപ്പ്. ഈ കുറിപ്പിലാണ് ഉഗാണ്ടയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

‘പ്രിയ ഐസിസി, ടി20 ലോകകപ്പ് കളിക്കാന്‍ സീറ്റുണ്ടെങ്കില്‍ ഉഗാണ്ട തയ്യാറാണ്. പാഡുകളടക്കം പായ്ക്ക് ചെയ്തിട്ടുമുണ്ട്. പാസ്‌പോര്‍ട്ടുകള്‍ ചൂടോടെ തന്നെ (ഐസ് അല്ല) കൈയിലുണ്ട്. ഓവനുകള്‍ ഓഫാക്കേണ്ടതില്ല. കപ്പലുകള്‍ യു ടേണും ചെയ്യേണ്ടതില്ല. ചൂട്, ശബ്ദ കോലാഹലങ്ങള്‍, സമ്മര്‍ദ്ദം? എല്ലാം അതിജീവിക്കാന്‍ കരുത്തുള്ള ക്രിക്കറ്റ് കിറ്റ് തന്നെ ഞങ്ങള്‍ കൊണ്ടു വരും’- എന്നാണ് ഐസ്‌ലന്‍ഡിനുള്ള മറുപടിയായി ക്രിക്കറ്റ് ഉഗാണ്ട പങ്കിട്ട കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!