സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(1-1).

285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്ക്കും ഹെന്റി നിക്കോള്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. കോണ്‍വേ 16 റണ്‍സെടുത്തപ്പോള്‍ നിക്കോള്‍സ് വെറും പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ കിവീസ് 46-2 എന്ന നിലയിലേക്ക് വീണു. തകര്‍ച്ചയെ അഭിമുഖീകരിച്ച ന്യൂസിലന്‍ഡിനെ പിന്നീട് വില്‍ യങ്ങും ഡാരില്‍ മിച്ചലും കരകയറ്റുന്നതാണ് രാജ്കോട്ടില്‍ കണ്ടത്.

സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍ (117 പന്തില്‍ 131*), അര്‍ധസെഞ്ചറി നേടിയ വില്‍ യങ് (98 പന്തില്‍ 87) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്. ആദ്യം ഡാരില്‍ മിച്ചലും പിന്നാലെ യങ്ങും അര്‍ധസെഞ്ചുറി തികച്ച് കരുത്തുകാട്ടിയതോടെ ടീം പിടിമുറുക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും പിടികൊടുക്കാതെ മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലേക്ക് നീങ്ങി.

കിവീസ് 36 ഓവറില്‍ 200 റണ്‍സിലെത്തി. ഒടുവില്‍ സ്‌കോര്‍ 208 ല്‍ നില്‍ക്കേയാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ ലഭിച്ചത്. 87 റണ്‍സെടുത്ത വില്‍ യങ്ങിനെ കുല്‍ദീപ് യാദവ് മടക്കി. മൂന്നാം വിക്കറ്റില്‍ 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. പിന്നീടിറങ്ങിയ ഗ്ലെന്‍ ഫിലിപ്സിനെ ഒരുവശത്തുനിര്‍ത്തി മിച്ചല്‍ കിവീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. വൈകാതെ മിച്ചല്‍ സെഞ്ചുറിയും നേടി. അതോടെ ഇന്ത്യ പരാജയം മണത്തു. പിന്നാലെ മിച്ചലും(131) ഫിലിപ്സും(32) ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!