വിദ്യാർഥി പ്രതിഷേധത്തിന് വഴങ്ങി ഝാർഖണ്ഡ് സർക്കാർ; ജെ.എസ്.എസ്.സി–സി.ജി.എൽ പരീക്ഷ റദ്ദാക്കും

റാഞ്ചി: വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ജെ.എസ്.എസ്.സി–സി.ജി.എൽ പരീക്ഷ റദ്ദാക്കാൻ ഝാർഖണ്ഡ് സർക്കാർ തീരുമാനം. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പരീക്ഷ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.

2014 മുതൽ സംസ്ഥാനത്ത് നടന്ന എല്ലാ മത്സരപരീക്ഷകളിലും ക്രമക്കേടുണ്ടോയെന്ന് സി.ഐ.ഡി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി അന്വേഷണം നടത്തും. പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പ്രതിജ്ഞാബദ്ധമാണെന്നും ഹേമന്ത് സോറൻ അറിയിച്ചു.

സർക്കാർ നിയമന പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഝാർഖണ്ഡിൽ വിദ്യാർഥികൾ ‘ജന്തർമന്തർ മോഡൽ’ പ്രതിഷേധം ആരംഭിച്ചത്. ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ പരീക്ഷകൾ ഉൾപ്പെടെ 13 നിയമന പരീക്ഷകൾ റദ്ദാക്കണമെന്നായി രുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് സമരക്കാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!