‘വിസില്‍ പോട്’! സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ചെന്നൈ: നീണ്ട നാളത്തെ ശ്രമങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഇരു ടീമുകളും തമ്മില്‍ ദിവസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ചെന്നൈ സഞ്ജുവിനെ എത്തിക്കുന്നതിന്റെ ഭാഗമായി രവീന്ദ്ര ജഡേജയേയും സാം കറനേയും കൈമാറും. ഇരു ടീമുകളും തമ്മിലുള്ള താരക്കൈമാറ്റം സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയായി.

രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് സഞ്ജു ടീം മാറുന്നത്. 10 വര്‍ഷത്തില്‍ കൂടുതലായി സഞ്ജു രാജസ്ഥാന്‍ പളയത്തിലുണ്ട്. നിലവില്‍ 18 കോടി പ്രതിഫലമുള്ള താരങ്ങളാണ് സഞ്ജുവും ജഡേജയും.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.

2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു.

2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. 27കാരനായ സാം കറന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറാണ്. താരം പഞ്ചാബ് കിങ്‌സില്‍ നിന്നാണ് ചെന്നൈ പാളയത്തിലെത്തിയത്.

സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെ മാത്രം കൈമാറിയാല്‍ പോരെന്ന നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ജഡേജയക്കൊപ്പം യങ് ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രവിസിനേയും വേണമെന്ന ആവശ്യം രാജസ്ഥാന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ചെന്നൈ വഴങ്ങിയില്ല.

പിന്നീടാണ് രണ്ടാം ശ്രമം ചെന്നൈ തുടങ്ങിയത്. രവീന്ദ്ര ജഡേജയെ കൂടാതെ സാം കറന്‍, മതീഷ പതിരന എന്നിവരില്‍ ഒരാളെ തരണമെന്ന ആവശ്യമാണ് രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ടു വച്ചത്. മതീഷയെ നിലനിര്‍ത്തി സാം കറനെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ചെന്നൈ സമ്മതം അറിയിച്ചതോടെ താരക്കൈമാറ്റ ചിത്രവും തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!