ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകയെ പ്രശംസിച്ച് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ വേഗം പാസാക്കണമെന്ന് ആവശ്യം

വാഷിങ്ടൺ : ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിനെയും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരാമർശം. അമേരിക്കയിൽ കർശനമായ പൗരത്വ രേഖകളും ഫോട്ടോ പതിച്ച വോട്ടർ ഐഡിയും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയും വേഗം പാസാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അമേരിക്കൻ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യവും ട്രംപ് പോസ്റ്റിൽ പരാമർശിച്ചു. സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ പോലുമില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്താൻ കഴിയുന്നതെന്ന ഗ്യാനേഷ് കുമാറിന്റെ ചോദ്യമാണ് ട്രംപ് ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ ഏകദേശം 64.6 കോടി പേർ വോട്ട് ചെയ്തതായും ട്രംപ് കുറിച്ചു. ഇതിൽ ഒരു ശതമാനത്തിൽ താഴെ പേർ മാത്രമാണ് തപാൽ വോട്ട് ചെയ്തത്. വോട്ടർമാർക്ക് കൃത്യമായ ഫോട്ടോ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയിലും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ കർശനമാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. വോട്ടർ ഐഡി നിർബന്ധമാക്കുന്നതിനൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ‘സേവ് അമേരിക്ക ആക്ടിൽ’ ഉൾപ്പെടുത്തുന്നത്.

അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന വാദം ട്രംപ് നേരത്തെയും ശക്തമായി ഉന്നയിച്ചിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!