ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ ലഖ്‌നൗവിനോട് 7 വിക്കറ്റിനു പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ലഖ്‌നൗ വെറും 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
38 പന്തില്‍ 7 സിക്‌സും 9 ഫോറും സഹിതം 90 റണ്‍സ് വാരിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും 17 പന്തില്‍ പുറത്താകാതെ 4 സിക്‌സും 1 ഫോറും സഹിതം 32 റണ്‍സ് അടിച്ചെടുത്ത നിക്കോളാസ് പൂരാനും ചെന്നൈയുടെ വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. സഹ ഓപ്പണര്‍ ജോഷ് ഇംഗ്ലിസ് 36 റണ്‍സെടുത്തു.
ഓപ്പണിങില്‍ മാര്‍ഷും ഇംഗ്ലിസും ചേര്‍ന്നു 135 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഇതേ റണ്‍സില്‍ രണ്ടാം വിക്കറ്റും 144 റണ്‍സില്‍ മൂന്നാം വിക്കറ്റും ചെന്നൈ വീഴ്ത്തി. പിന്നീട് പൂരാനൊപ്പം 13 റണ്‍സുമായി പുറത്താകാതെ നിന്നു മുകുള്‍ ചൗധരി ലഖ്‌നൗ വിജയത്തില്‍ പങ്കാളിയായി. ചെന്നൈ ബാറ്റര്‍മാര്‍ റണ്‍സെടുക്കാന്‍ പതറിയ പിച്ചില്‍ ലഖ്‌നൗ ബാറ്റര്‍മാര്‍ കത്തിക്കയറുന്ന കാഴ്ചയായിരുന്നു.
17ാം ഓവര്‍ അന്‍ഷുല്‍ കാംബോജ് എറിയാനെത്തുമ്പോള്‍ 24 പന്തില്‍ 24 റണ്‍സായിരുന്നു ലഖ്‌നൗവിനു വേണ്ടിയിരുന്നത്. കാംബോജിന്റെ ആദ്യ നാല് പന്തുകളും തുടരെ സിക്‌സര്‍ പറത്തി ലഖ്‌നൗവിനെ പൂരാനെ അതിവേഗം ജയത്തിലെത്തിച്ചു.
തോല്‍വി ചെന്നൈയുടെ പ്ലേ ഓഫ് കടമ്പ കൂടുതല്‍ ദുഷ്‌കരമാക്കി. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാലും അവര്‍ക്ക് പരമാവധി 16 പോയിന്റാണ് കിട്ടുക. വമ്പന്‍ ജയത്തിലൂടെ നെറ്റ്‌റണ്‍റേറ്റ് ഉയര്‍ത്തുകയും ഒപ്പം മറ്റ് ടീമുകളുടെ ഫലങ്ങളും ചെന്നൈക്ക് ഇനി നോക്കണം.
ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 42 പന്തില്‍ 71 റണ്‍സ് നേടിയ കാര്‍ത്തിക് ശര്‍മ്മയാണ് ചെന്നൈ ടീം സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. താരം 5 സിക്‌സും 6 ഫോറും പറത്തി.
മികച്ച നിലയില്‍ തുടങ്ങിയ ചെന്നൈയ്ക്ക് അതു മുതലാക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ആണ് ആദ്യം പുറത്തായത്. ചെന്നൈ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന സഞ്ജു സാംസണ് പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ സാധിച്ചില്ല.
20 പന്തില്‍ 20 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ന്ന് ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരുടെ പിന്തുണയോടെ കാര്‍ത്തിക് ശര്‍മ്മ സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു. പുറത്താകാതെ 16 പന്തില്‍ 32 റണ്‍സ് നേടിയ ദുബെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ചെന്നൈയെ സഹായിച്ചത്. താരം 2 സിക്‌സും 3 ഫോറും തൂക്കി.
ഋതുരാജ് 13 റണ്‍സും ബ്രെവിസ് 25 റണ്‍സും നേടി. കളി അവസാനിക്കുമ്പോള്‍ ദുബെയ്‌ക്കൊപ്പം 13 റണ്‍സുമായി പ്രശാന്ത് വീര്‍ പുറത്താകാതെ നിന്നു. ഉര്‍വില്‍ പട്ടേല്‍ (6) ആണ് പുറത്തായ മറ്റൊരു താരം.
ലഖ്‌നൗ നിരയില്‍ ആകാശ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. മുഹമ്മദ് ഷമി, ഷഹബാസ് അഹമദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
