ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്. കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. തുടർന്ന് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ ആണ് വെടിവെപ്പ് നടത്തിയത് എന്നാണ് സൈന്യം സൂചിപ്പിക്കുന്നത്. ഈ ഭീകരർക്കായി മേഖലയിൽ സൈന്യം ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ നീക്കത്തെ തുടർന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സൈന്യം അറിയിച്ചു.
തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് സുരക്ഷാ സേന തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. കത്വ ജില്ലയിൽ തീവ്രവാദികളെ കണ്ടെത്തുന്നതിനായി നേരത്തെ നടത്തിയ തിരച്ചിലിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്.
