കെഎസ്ആര്‍ടിസി വീണ്ടും പത്തുകോടി ക്ലബില്‍; കളക്ഷന്‍ 11.71 കോടി രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. 12ന് രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 11.71 കോടി കൈവരിച്ചാണ് വീണ്ടും 10 കോടി ക്ലബില്‍ കെഎസ്ആര്‍ടിസി ഇടംപിടിച്ചത്.

സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആര്‍ടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്‌ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണ് 2024 ഡിസംബര്‍ മാസത്തില്‍ 7.8 കോടി രൂപ ശരാശരി പ്രതിദിന കളക്ഷന്‍ ഉണ്ടായിരുന്നിടത്ത് സമാന സാഹചര്യത്തില്‍ 2025 ഡിസംബര്‍ മാസത്തില്‍ ശരാശരി 8.34 കോടി രൂപയില്‍ എത്തിയതെന്ന് കെഎസ്ആര്‍ടിസി എംഡി ഡോ. പി എസ് പ്രമോജ് ശങ്കര്‍ അറിയിച്ചു.

2025 ജനുവരി മാസം 7.53 കോടി ശരാശരി പ്രതിദിന വരുമാനം ഉണ്ടായിരുന്നത് 2026 ജനുവരി മാസത്തില്‍ ഇതുവരെ 8.86 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്നുണ്ടായതോ പ്രത്യേക ദിവസങ്ങളില്‍ ഉണ്ടായതോ ആയ വരുമാന വര്‍ധനയല്ല നിലവില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായിട്ടുള്ളത്. യാത്രക്കാരുടെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തി കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് തിരികെയെത്തിക്കാനായത് കെഎസ്ആര്‍ടിസിക്ക് ഏറെ ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024 ല്‍ ശരാശരി 19.84 ലക്ഷം പ്രതിദിന യാത്രക്കാര്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 20.27 ലക്ഷം പ്രതിദിന യാത്രക്കാരാണ് ഉള്ളത്. പ്രതിദിനം ശരാശരി 43000 യാത്രക്കാരുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 1.6 കോടിയാണ് നിലവില്‍ കെഎസ്ആര്‍ടിസി യാത്രക്കാരുടെ വാര്‍ഷിക വര്‍ധന. ജീവനക്കാരുടെയും, സൂപ്പര്‍വൈസര്‍മാ രുടെയും, ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആര്‍ടിസിക്ക് സഹായകരമാകുന്നതെന്നും കെഎസ്ആര്‍ടിസി എംഡി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!