മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുമായി മുസ്ലീം ലീഗ്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ സാധ്യത. കെഎം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഇതോടെ ശക്തമായി. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ നിലപാട്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി മുസ്ലീം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേർന്നിരുന്നു. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലെ തീരുമാനം കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം അദ്ദേഹം മാധ്യങ്ങളോടു വെളിപ്പെടുത്തി.
സ്ഥാനാർഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി ചോദിച്ചറിയുന്നുണ്ട്. മത്സരിക്കാനില്ലെന്നും ജനറൽ സെക്രട്ടറിയായി തുടരാനാണ് താത്പര്യമെന്നും പിഎംഎ സലാം നിലപാട് എടുത്തു. നാളെ പാണക്കാട് വച്ച് സാദിഖ് അലി തങ്ങൾ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.
