മുംബൈ: ടി20 ലോകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നു മാറ്റണമെന്ന ബംഗ്ലാദേശ് ടീമിന്റെ നിർദ്ദേശം ഐസിസി തള്ളിയിരുന്നു. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരങ്ങൾ ഇന്ത്യയിൽ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് ബംഗ്ലാദേശ് മുന്നോട്ടു വച്ചത്. എന്നാൽ ഐസിസി ആവശ്യം തള്ളി. പിന്നാലെ അവർ വീണ്ടും ഐസിസിയ്ക്ക് കത്തയച്ച് നിലപാട് ആവർത്തിച്ചു.
ശ്രീലങ്കയിലേക്ക് മാറ്റുന്നതിനു പകരം വേദികൾ ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മാറ്റാമെന്ന നിർദ്ദേശം ഐസിസി ബംഗ്ലാദേശിനു മുന്നിൽ വച്ചതായി വിവരമുണ്ട്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിന് പകരം ചെന്നൈയും തിരുവനന്തപുരവും ബദൽ വേദികളായി നിർദേശിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇതു സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്ന് ബിസിസിഐയുടെ പ്രതികരണം. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. ഐസിസിയിൽ നിന്ന് തങ്ങൾക്ക് അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ഐപിഎൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിൽനിന്ന് ലോകകപ്പ് മാറ്റണമെന്ന നിലപാടിലേക്ക് വന്നത്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദു വിഭാഗത്തിനു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ചില ഹിന്ദു സംഘടനകൾ മുസ്തഫിസുറിനെ ടീമിൽ നിന്നു ഒഴിവാക്കണമെന്നു കെകെആറിനോടു ആവശ്യപ്പെട്ടിരുന്നു.
