മുഹമ്മ (ആലപ്പുഴ): സംസ്ഥാന ജല ഗതാഗത വകുപ്പിലെ സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതിയിൽ സർക്കാർ ഉത്തരവിൽ സ്രാങ്ക് അസോസിയേഷൻ നേതൃത്വത്തിൽ വകുപ്പിലെ വിവിധ സ്റ്റേഷനുകളിലും, ബോട്ട് യാത്രികർക്കും മധുരം വിതരണം ചെയ്തു.
കഴിഞ്ഞ 18 വർഷത്തിനു ശേഷമാണ് സ്പെഷ്യൽ റൂൾ ഭേദഗതിയിൽ സർക്കാർ ഉത്തരവ് ആകുന്നത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി ജല ഗതാഗത വകുപ്പിൽ സ്രാങ്ക്, ഡ്രൈവർ തസ്തികകൾക്ക് സ്ഥാനക്കയറ്റത്തിനു അവസരം ഒരുങ്ങുന്നു.
സ്രാങ്ക് അസോസിയേഷൻ നേത്യത്വത്തിൽ ജല ഗതാഗത വകുപ്പിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മാറി മാറി വരുന്ന ഗതാഗത മന്ത്രിമാർ സ്പെഷ്യൽ റൂൾ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി വാഗ്ദാനങ്ങൾ തന്നിരുന്നു. എന്നാൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനു മാത്രമേ ജീവനക്കാരോട് നല്കിയ വാക്ക് പാലിക്കാൻ സാധിച്ചുള്ളു.
ജല ഗതാഗത വകുപ്പിൽ സ്രാങ്ക്, ഡ്രൈവർ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വേണ്ടത്ര യോഗ്യതകൾ ഉണ്ടായിട്ടും, പ്രവേശന തസ്തികകളിൽ തന്നെ സർവ്വീസിൽ നിന്നു വിരമിക്കേണ്ട അവസ്ഥയായിരുന്നു. ജീവനക്കാരുടെ എക്കാലത്തെയും സ്വപ്നം നടപ്പിലാക്കിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും , വകുപ്പ് ഡയറക്ടർ ഷാജി വി നായർ ഐ എ എസിനും ജല ഗതാഗത വകുപ്പ് ഡയറക്ട്രേറ്റിൽ നടന്ന മധുര വിതരണം ഉത്ഘാടനം ചെയ്തുകൊണ്ട് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി നന്ദിയും, അഭിനന്ദനങ്ങളും അറിയിച്ചു.
വിവിധ സ്റ്റേഷൻ ആഫീസുകളിൽ നടന്ന മധുര വിതരണങ്ങളിൽ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ, രക്ഷാധിക്കാരി അനൂപ്പ് ഏറ്റുമാനൂർ , സംസ്ഥാന സെക്രട്ടറിമാരായ സി എൻ ഓമനക്കുട്ടൻ, ലാൽ പി സി , വൈസ് പ്രസിഡൻറ്റുമാരായ ജോൺ ജോബ്, സുധീർ , കെ കെ രാജേഷ് മറ്റ് ജീവനക്കാരായ വിനേഷ് കുപ്പപ്പുറം, സുമേഷ് സി എം , സാനു ചാലേച്ചിറ തുടങ്ങിയവർ പങ്കെടുത്തു.
