കൊട്ടിക്കയറി വോട്ടാവേശം; ഏഴുജില്ലകള്‍ മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

തൃശൂർ : ഒരു മാസം നീണ്ടുനിന്ന പ്രചാരണമാമാങ്കത്തിന് ആവേശ, ആരവങ്ങള്‍ ഉയര്‍ത്തി വടക്കന്‍ കേരളത്തെ കളറാക്കി കലാശക്കൊട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടന്ന് സമാപനം കുറിച്ചു.

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. നാളെ വീടുകള്‍ കയറിയിറങ്ങി അവസാനവട്ടം വോട്ടുകള്‍ ഉറപ്പാക്കുന്നതിന്റെ തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ മറ്റന്നാളാണ് വിധിയെഴുത്ത്.

അവസാനഘട്ടത്തില്‍ വോട്ടുറപ്പിക്കാനായി മുന്നണികള്‍ ഓട്ടപ്പാച്ചിലിലായിരുന്നു. കലാശക്കൊട്ട് ദിവസം റോഡ് ഷോകളും ബൈക്ക് റാലികളുമൊക്കെയായി മുന്നണികള്‍ നഗര-ഗ്രാമവീഥികളെ സജീവമാക്കി. ഏഴു ജില്ലകളില്‍ കലാശക്കൊട്ട് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിന്റെ അവസാന ലാപ്പില്‍ രാഷ്ട്രീയാവേശം അതിന്റെ കൊടുമുടിയില്‍ എത്തുന്ന കാഴ്ചയാണ് കണ്ടത്. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോടുവരെയുള്ള ഏഴ് ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിച്ചത്. കണ്ണൂരിലെ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ കാലാവധി 2027 സെപ്തംബര്‍ 10വരെയായതിനാല്‍ അവിടെ തെരഞ്ഞെടുപ്പില്ല.

28,288 പേര്‍ പഞ്ചായത്തിലും 3,742 പേര്‍ ബ്ലോക്ക് പഞ്ചായത്തിലും 681 പേര്‍ ജില്ലാപഞ്ചായത്തിലും 5,551 പേര്‍ മുനിസിപ്പാലിറ്റിയിലും 751 പേര്‍ കോര്‍പറേഷനിലും സ്ഥാനാര്‍ഥികളായുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 14, കാസര്‍കോട് രണ്ട് എന്നിങ്ങനെ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീകള്‍ ഉള്‍പ്പെടെ 1,53,78,937 വോട്ടര്‍മാരാണുള്ളത്. പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!