തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന കമലേശ്വരം കൺവെൻഷൻ സെന്റർ കരാർ വിതരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. മുൻ മേയർ ആര്യ രാജേന്ദ്രൻ തന്റെ ഇഷ്ടക്കാർക്ക് കരാർ നൽകിയെന്ന ഗുരുതരമായ ആരോപണത്തിലാണ് നിലവിലെ മേയർ വി.വി. രാജേഷ് അന്വേഷണം പ്രഖ്യാപിച്ചത്. കോർപ്പറേഷൻ സെക്രട്ടറി ബിനിയെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അടുത്ത കൗൺസിൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.
ഭരണപക്ഷത്തെ വി.ജി. ഗിരികുമാറാണ് കൗൺസിൽ യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. സാധാരണഗതിയിൽ നഗരസഭയുടെ ആസ്തികൾ ലേലം ചെയ്യുന്നതും കരാർ നൽകുന്നതും ധനകാര്യ സ്ഥിരം സമിതി വഴിയാണ്. എന്നാൽ, കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ധനകാര്യ സ്ഥിരം സമിതിയിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. ഇത് മറികടക്കാനായി എൻജിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് വട്ടം ചുറ്റിയാണ് കരാർ നൽകിയതെന്ന് ഗിരികുമാർ ആരോപിച്ചു. വെറും മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ഉദ്യോഗസ്ഥർ ഫയൽ കണ്ടു തീർപ്പാക്കിയെങ്കിലും സെക്രട്ടറി ഇത് കണ്ടിട്ടുപോലുമില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
നഗരസഭയുടെ ആസ്തികളെ സംബന്ധിച്ച് കൃത്യമായ ധവളപത്രം പുറത്തിറക്കണമെന്ന് കെ.എസ്. ശബരീനാഥ് ആവശ്യപ്പെട്ടു. കോർപ്പറേഷനിലെ ജീവനക്കാരുടെ എണ്ണം, സ്ഥിരം-കരാർ നിയമനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം പ്രസിദ്ധീകരിക്കണമെന്നും അനധികൃത നിയമനങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഭരണസമിതി നടത്തിയ അഴിമതിയുടെ ഒരറ്റം മാത്രമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ബിജെപി അംഗങ്ങൾ കൗൺസിലിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരുന്നതോടെ തിരുവനന്തപുരം നഗരസഭയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.
കോർപ്പറേഷനിൽ ‘വളഞ്ഞ വഴിയിൽ’ കരാർ വിതരണം… ആര്യ രാജേന്ദ്രനെതിരെ അന്വേഷണം
