ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. സിദ്ധരാമയ്യക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമുള്‍പ്പെടെയാണ് നോട്ടീസ്. 2023-ൽ വരുന്ന മണ്ഡലത്തില്‍നിന്നുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും സിദ്ധരാമയ്യയെ വിലക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ കെ ശങ്കരയാണ് ഹര്‍ജി നല്‍കിയത്.
സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ ബസ് യാത്ര തുടങ്ങി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ അഞ്ച് വാഗ്ദാനങ്ങൾ കൈക്കൂലി, അഴിമതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് ആരോപിച്ചാണ് ഹർജി. കർണാടക ഹൈക്കോടതി ഹർജി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ചത്.
ഹർജിയ്ക്ക് അടിസ്ഥാനപരമായ കാരണമില്ല എന്ന് ചൂണ്ടിക്കാട്ടി കർണ്ണാടക ഹൈക്കോടതി ഏപ്രിൽ 22-ന് തള്ളിയ ഇലക്ഷൻ ഹർജിക്കെതിരെ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ്.
