‘അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നു. തനിക്കെതിരെയുണ്ടായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. ദി ഹിന്ദുവിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും തങ്ങള്‍ക്കിടയില്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നി ല്ലെന്നും ദിലീപ് പറയുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ അവര്‍ എന്നെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല. അന്വേ ഷണ സംഘത്തിന്റെ നിര്‍ബന്ധത്തെത്തു ടര്‍ന്നാണ് അവര്‍ എന്നെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും ദിലീപ് പറയുന്നു.

തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയ എസ്‌ഐടി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ ഞാനാണെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പോലും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ അന്വേഷിക്കണമെന്നും ദിലീപ് പറഞ്ഞു.

അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ വ്യക്തിപരവും പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്കുമായി തന്നെ ഇരയാക്കുകയായിരുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. അവര്‍ തന്നെയും കുടുംബാംഗങ്ങളേയും കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചു. എനിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടതിന് ഒരു നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിയമപരമായി പോരാടുന്നതില്‍ തടയിടുന്നതിനായി എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരേയും അവര്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ദിലീപ് പറഞ്ഞു.

അപകീര്‍ത്തിപ്പെടുത്തുന്നതിനായി കഥകള്‍ മെനഞ്ഞു. എന്റെ സിനിമകള്‍ കാണുന്ന കുടുംബ പ്രേക്ഷകരെ അകറ്റാന്‍ ശ്രമിച്ചു. എന്നെയും എന്റെ കുടുംബാംഗങ്ങളെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. എസ്‌ഐടി തലവന്‍ ഒരു ദിവസം തന്നെ ഒന്നര മണിക്കൂര്‍ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂ. എന്നിട്ടും തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന കഥകള്‍ അവര്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അമ്മയുടെ അംഗത്വത്തിന് അപേക്ഷിക്കുന്നതിനെ ക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുറ്റവിമുക്തനാക്കിയത് കണക്കിലെടുത്ത് സംഘടന തീരുമാനിക്കട്ടെയെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!