തിരുപ്പൂർ : തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മാദ്ധ്യമ പ്രവർത്തകന് വെട്ടേറ്റു.
ഇന്നലെ വെെകിട്ടാണ് ഒരു സംഘം ആളുകള്‍ മാദ്ധ്യമപ്രവർത്തകനായ നേശപ്രഭുവിനെ ആക്രമിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ‘ന്യൂസ് 7’ ചാനലിന്റെ തിരുപ്പൂർ റിപ്പോർട്ടറാണ് നേശപ്രഭു.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു മദ്യവില്‍പ്പന ശാലയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് അടുത്തിടെ നേശപ്രഭു റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന് പിന്നിലെ വിരോധമാണ് ആക്രണത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം, ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് നേശപ്രഭു പൊലീസിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആറ് പേർ തന്നെ പിന്തുടരുന്നുണ്ടെന്നും അവരുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ ഉണ്ടെന്നും മാദ്ധ്യമ പ്രവർത്തകൻ പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിശോധിക്കാമെന്ന് മാത്രമാണ് പൊലീസ് നൽകിയ മറുപടിയെന്നാണ് പുറത്തു വരുന്ന വിവരം.
ആക്രമിക്കപ്പെടുന്നതിന് മുൻപും നേശപ്രഭു പൊലീസിനെ വിളിച്ച് സഹായം തേടിയിരുന്നു. എന്നാല്‍ സുരക്ഷ വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പൊലീസിന്റെ മറുപടി എന്നാണ് അടുത്ത വൃത്തങ്ങളിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് സംഘം നേശപ്രഭുവിനെ വെട്ടിപരിക്കേല്‍പ്പിച്ചത്. വലതുകെെയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ആക്രണമത്തിന് മണിക്കൂറുകള്‍ മുൻപ് ഫോണ്‍ വിളിച്ചിട്ടും പൊലീസ് മാദ്ധ്യമ പ്രവർത്തകനെ സഹായിക്കാൻ തയാറാകാത്തതില്‍ പ്രതികരിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രംഗത്തെത്തിയിട്ടുണ്ട്.
പോലീസിന്റെ സഹായം തേടിയിട്ടും രക്ഷയില്ല ; തമിഴ്‌നാട്ടില്‍ മാദ്ധ്യമപ്രവര്‍ത്തകന് വെട്ടേറ്റു
