പാമ്പാടി : ഒരാഴ്ചയായി റബ്‌കോ ഫാക്ടറിക്ക് മുന്‍പില്‍ തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിച്ചു. ഇതിന് പിന്നാലെ ആറ് തൊഴിലാളികളെ മാനേജ്മെന്റ് സസ്പെൻ്റ് ചെയ്തു.
ലേബര്‍ ഓഫീസറുടെയും കളക്ടറുടെയും ഇടപെടലിനെ തുടര്‍ന്നാണ് സമരം തീര്‍ന്നത്. ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചു. നവംബര്‍ മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്.
മൂന്നു മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍ പാമ്പാടി റബ്‌കോ യൂണിറ്റിലെ ജീവനക്കാര്‍ സമരത്തിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങളിലൊന്നാണ് റബ്‌കോ. പാമ്പാടിയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല.
തൊഴിലാളികൾക്ക് സസ്പെൻഷൻ
മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് ആറ് തൊഴിലാളികളെ മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തത്. മാസങ്ങളായി ശമ്പളം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള ദുരിതങ്ങൾ മാധ്യമങ്ങളോട് സംസാരിച്ച തൊഴിലാളികള്‍ക്കാണ് സസ്‌പെന്‍ഷന്‍.