കാലിഫോർണിയയിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 26 കാരിയായ ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യൻ അറസ്റ്റിലായി. സാൻ ഫ്രാൻസിസ്കോ സ്വദേശിനിയായ സോഫിയ ഡ്രോട്ട്സാണ് (26) കോൺകോർഡ് പൊലീസിന്റെ പിടിയിലായത്.
മാർട്ടിനെസിലെ ജോൺ ഡേവിസ് ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ ബിഹേവിയറൽ ഹെൽത്ത് ക്ലിനീഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് 14 വയസുകാരൻ്റെ ചുമതല ഡ്രോട്ട്സിന് ലഭിച്ചത്. തുടർന്ന്, കൗമാരക്കാരൻ ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ബന്ധം തുടർന്നുവെന്നും, മൂന്ന് മാസത്തോളം ഇയാളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഏപ്രിൽ 1 മുതൽ ജൂലൈ 14 വരെയുള്ള കാലയളവിലാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ജുവനൈൽ ഹോമിലെ ഒരു സൂപ്പർവൈസർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച കോൺകോർഡ് പൊലീസ് ജൂലൈ 14-ന് ഡ്രോട്ട്സിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇരയായ കുട്ടിയുടെ കുടുംബവും പ്രതിക്കെതിരെ പ്രത്യേക സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
