ഉജ്ജ്വലനായ  വിപ്ലവകാരിയും മനുഷ്യസ്‌നേഹിയും…പിണറായി വിജയനെ വാനോളം പുകഴ്ത്തി ഇ. പി

പിണറായി വിജയൻ ഉജ്ജ്വലനായ ഒരു വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും ഇ പി പറഞ്ഞു. പിണറായി വിജയൻ ഒരു ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. പിണറായി ആരാണെന്നും എന്താണെന്നും എല്ലാവർക്കുമറിയാമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചെന്നും സിപിഎം നേതാവ് പറഞ്ഞു. സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധിയാണ് നടപ്പിലാക്കിയത്. ആഗോള അയ്യപ്പസംഗമത്തിലൂടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നാടിന്റെ വികസനവും വളർച്ചയും ലക്ഷ്യമിട്ടെന്നും ജയരാജൻ പ്രതികരിച്ചു.

ആഗോള അയ്യപ്പ സംഗമത്തിനെത്തുന്നവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അതനുസരിച്ച് കാര്യങ്ങൾ നിർവഹിച്ചുകൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതിനെ രാഷ്ട്രീയം എന്നുപറഞ്ഞ് വിമർശിക്കുന്നവർക്കാണ് യഥാർഥത്തിൽ സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുള്ളത്. നിരാശയുടെ രാഷ്ട്രീയമാണ് അവർക്കുള്ളതെന്നും ജയരാജൻ പറഞ്ഞു.

2018-ൽ ശബരിമലയിൽ യുവതീ പ്രവേശനം നടത്തിയത് സർക്കാരിന്റെ തീരുമാനമായിരുന്നില്ലെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാട്ടി. അന്ന് കോടതി നടപടി നടപ്പാക്കുക മാത്രമാണ്ചെയ്തത്. വളരെ തന്ത്രപൂർവം എല്ലാവരെയും സംതൃപ്തിപ്പെടുത്താൻ കഴിയുന്ന വിധത്തിലുള്ള നടപടികളാണ് അന്ന് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുണകരമല്ലെന്നും ഇ പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!