ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ -രണ്ട് പദ്ധതിയുടെ ഭാഗമായി ആലപ്പുഴയെ ലോകനിലവാരത്തിലുള്ള ജല വിനോദസഞ്ചാര കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിക്ക് തുടക്കമാകുന്നു.
കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിക്കുന്ന 74.95 കോടി രൂപയുടെ ധനസഹായം ഉള്‍പ്പെടെ വിനിയോഗിച്ച് പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനുള്ള നോടല്‍ ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വദേശ് ദര്‍ശന്‍ -രണ്ട് പദ്ധതിയുടെ ഭാഗമായാണ് ആലപ്പുഴ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ആലപ്പുഴ ബീച്ചിന്റെ വികസനം, കനാല്‍ പുനരുദ്ധാരണം, കായല്‍ തീരത്തുള്ള ക്രൂയിസ് ടെര്‍മിനല്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ബീച്ച് കായല്‍ ടൂറിസത്തിന്റെ സമഗ്ര വികസനമാണ് പദ്ധതി ലക്ഷ്യം വയ്‌ക്കുന്നത്. ജലനൃത്ത സംവിധാനം, കിയോസ്‌ക്കുകള്‍, റസ്റ്റോറന്റുകള്‍, റസ്റ്റ് റൂമുകള്‍, പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ ഒരുക്കും.
കനാല്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്ലാസ, ബോട്ട് ഡെക്ക്, ബോട്ട് ജെട്ടിയുടെ പുനരുദ്ധാരണം, അമിനിറ്റിസ് എന്നിവ ഒരുക്കും. കായലിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലില്‍ ബോട്ട് ടെര്‍മിനല്‍, കഫ്ട്ടീരിയ, ബോട്ട് ഡെക്കുകള്‍ എന്നിവ ഉണ്ടാവും. നിര്‍മാണ പ്രവര്‍ത്തികള്‍ അടുത്തവര്‍ഷം ഫെബ്രുവരി മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. എല്ലാ അനുമതികളും വിവിധ വകുപ്പുകള്‍ എത്രയും വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കും.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രഥമയോഗം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്നു. ആലപ്പുഴയുടെ ടൂറിസം വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിലെ ആദ്യഘട്ടമായി പദ്ധതി മാറുമെന്ന് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചുകേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കിനി പറഞ്ഞു.
സ്വദേശ് ദര്‍ശന്‍: ആലപ്പുഴ വാട്ടര്‍ ടൂറിസം പദ്ധതി ചിറകു വിരിക്കുന്നു; 74.95 കോടിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നു
