വീണ്ടും ആകാശിന്റെ ഇരട്ട പ്രഹരം! പോപ്പും ബ്രൂക്കും പുറത്ത്, ഇന്ത്യക്ക് ജയ പ്രതീക്ഷ

ബര്‍മിങ്ഹാം: മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ച് വീണ്ടും ആകാശ് ദീപ്. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ കൂടി ആകാശ് പോക്കറ്റിലാക്കി. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.

നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ താരം വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.

608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് നിലവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. ജയത്തിലേക്ക് 5 വിക്കറ്റുകള്‍ മാത്രം ശേഷിക്കേ ആതിഥേയര്‍ക്ക് 508 റണ്‍സ് കൂടി വേണം. 10 റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും 9 റണ്‍സുമായി ജാമി സ്മിത്തുമാണ് ക്രീസില്‍. ഈ കൂട്ടുകെട്ട് കൂടി പൊളിച്ചാല്‍ കളിയില്‍ ജയമുറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് അവര്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.

നാലാം ദിനം കളിയുടെ കടിഞ്ഞാണ്‍ ഇന്ത്യ പൂര്‍ണമായും സ്വന്തമാക്കിയിരുന്നു. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് പുലര്‍ത്തി.

ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. 24 റണ്‍സുമായി ഒലി പോപ്പും 15 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്‌സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്സും സഹിതം 161 റണ്‍സ് അടിച്ചികൂട്ടിയാണ് ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്സും പറത്തി. വാഷിങ്ടന്‍ സുന്ദര്‍ 7 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 12 റണ്‍സെടുത്തും ക്രീസില്‍ തുടര്‍ന്നു.

ഒന്നാം ഇന്നിങ്സിലേതു പോലെ രണ്ടാം ഇന്നിങ്സിലും രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി നേടി. താരം പുറത്താകാതെ നിന്നു. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, എന്നിവരും അര്‍ധ സെഞ്ച്വറി കണ്ടെത്തി സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ഇംഗ്ലണ്ടിനായി ജോഷ് ടോംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്. ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച് ബാറ്റ് വീശിയ ഋഷഭ് പന്ത് നാലാം വിക്കറ്റായി മടങ്ങി. താരം 58 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം പന്ത് 65 റണ്‍സെടുത്ത് ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കിയാണ് പുറത്തായത്. പിന്നാലെ എത്തിയ ജഡേജ രണ്ടാം ഇന്നിങ്സിലും കരുതലോടെ ബാറ്റ് വീശി.

ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ നഷ്ടമായത്. ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 407 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. 180 റണ്‍സിന്റെ നിര്‍ണായക ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!