വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിനമത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ താരം സ്മൃതി മന്ധാന. 66 പന്തില്‍ നിന്ന് 80 റണ്‍സെടുത്താണ് താരം പുറത്താകുന്നത്. മൂന്നു സിക്‌സുകളും ഒന്‍പതു ഫോറുകളും അടിച്ച സ്മൃതി, മത്സരത്തിന്റെ 25ാം ഓവറിലാണ് പുറത്താകുന്നത്.
വനിതാ ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ല്‍ താരത്തിന്റെ 18ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ആയിരം റണ്‍സ് തികയ്ക്കാന്‍ 18 റണ്‍സ് മാത്രം വേണ്ടിയിരുന്ന മന്ഥന എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സോഫി മൊളിനുക്‌സിനെ സിക്‌സര്‍ പറത്തിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. വനിതാ ഏകദിനത്തില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമാണ് സ്മൃതി.
ഏകദിനത്തില്‍ 5000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരവും, വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിങ്‌സുകള്‍ (5569 പന്തുകള്‍) ആണ് ഇന്ത്യന്‍ താരത്തിന് റെക്കോര്‍ഡിലെത്താന്‍ വേണ്ടിവന്നത്. വനിതാ ക്രിക്കറ്റില്‍ 5000 റണ്‍സ് കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്.
