യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം


കൊച്ചി : യുവാവിനെ ആഴത്തിലുള്ള മുറിവുകളോടെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന്
തെളിഞ്ഞു.

പള്ളുരുത്തിയിൽ ആണ് സംഭവം. മരിച്ച യുവാവിന്റെ പെൺസുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാലിൽ പരിക്കുകളോടെ ആഷിക്കിനെ ഒഴിഞ്ഞ പറമ്പിൽ ഒരു വാഹനത്തിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഈ സമയം വാഹനത്തിൽ പെൺസുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും പെൺസുഹൃത്തും ചേർന്നാണ് യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ആദ്യഘട്ടത്തിൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിൻ്റെ തുടയിലും ശരീരത്തിലും നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു.

കത്തി കൊണ്ട് ആഴത്തിലുള്ള മുറിവാണ് തുടയിൽ ഏറ്റിരുന്നത്. ആഷിഖിൻ്റേത് കൊലപാതകമാണെന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.അന്വേഷണത്തിൽ പെൺസുഹൃത്തിന്റെ ഭർത്താവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിപൊലീസിന് വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെൺസുഹൃത്തിനെയും പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ആഷിക്കിന് പെൺസുഹൃത്തുമായുണ്ടായിരുന്ന ബന്ധത്തിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!