സ്വർണ്ണക്കടയുടെ മറവിൽ കോടികളുടെ തട്ടിപ്പ് ; നീലംപേരൂർ സ്വദേശിയെ
മുംബൈ പോലീസ് കോട്ടയത്തെത്തി പിടികൂടി,  രക്ഷപ്പെടാൻ ചാടി, കാലൊടിഞ്ഞു…



കോട്ടയം : കോട്ടയം നഗരത്തിൽ സ്വർണ്ണക്കടയുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിവന്നിരുന്ന നീലംപേരൂർ സ്വദേശി ലെഞ്ചു കെ ജെയിംസിനെ മുംബൈ പോലീസ് കോട്ടയത്തെത്തി പിടികൂടി. മെഡിക്കൽ കോളജ് ശുചിമുറിയിൽ നിന്നും രക്ഷപ്പെടാൻ ചാടിയത് മലിനജലം ഒഴുകുന്ന ഓടയിൽ. ഒടുവിൽ കാലൊടിഞ്ഞ് വീണ്ടും പോലീസ് പിടിയിൽ.

തിരുനക്കര ഗാന്ധി സ്‌ക്വയറിന് സമീപം പ്രവർത്തിക്കുന്ന ലാന ഗോൾഡിന്റെ മറവിലാണ് ലെഞ്ചു കെ ജെയിംസ് രാജ്യ വ്യാപകമായി കോടികൾ തട്ടിയെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുംബൈയിലേക്ക് കൊണ്ടു പോകുംവഴി ജില്ലാ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്താനായിരുന്നു പോലീസിന്റെ തീരുമാനം. എന്നാൽ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് ലെഞ്ചു പറഞ്ഞതോടെ പരിശോധന കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോൾ ശുചിമുറിയിൽ പോകണമെന്ന് യുവാവ് ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ അത്യാഹിത വിഭാഗത്തിലെ ശുചിമുറിയിൽ പോകാൻ അനുവദിച്ചു. രണ്ടു പോലീസ് ഉദ്യോഗസ്ഥർ പുറത്ത് കാവൽ നിൽക്കുകയും ചെയ്തു. ഈ സമയം ശുചിമുറിയുടെ എക്‌സോസ്റ്റ് ഫാനിന്റെ വിടവിലൂടെ ഇയാൾ പുറത്തേക്ക് ചാടി രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ പുറത്തേക്ക് ചാടിയ ലഞ്ചു വീണത് മലിനജലം ഒഴുകുന്ന ഓടയിലാണ്. വീഴ്ചയിൽ ലഞ്ചുവിന്റെ കാൽ ഒടിയുകയും ചെയ്തു. തുടർന്ന് നിരങ്ങി നീങ്ങി സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മറവിൽ ഒളിയ്ക്കാൻ ശ്രമിച്ചു. പിന്നാലെ എത്തിയ മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരും ഗാന്ധിനഗർ പോലീസും ലെഞ്ചുവിനെ പിടികൂടി മുംബൈ പോലീസിന് കൈമാറി. തുടർന്ന് ഇയാളെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.

ആറുമാസം മുൻപ് സമാനമായ രീതിയിൽ ഹരിയാനയിൽ തട്ടിപ്പ് നടത്തി മുങ്ങിയ ലെഞ്ചുവിനെ ഹരിയാന പോലീസ് കോട്ടയത്തെത്തി പിടികൂടിയിരുന്നു. അന്ന് ചങ്ങലയിൽ ബന്ധിച്ചാണ് ഇയാളെ കോട്ടയത്തു നിന്നും ഹരിയാനയിലേക്ക് കൊണ്ടുപോയത്. കോട്ടയം ചങ്ങനാശ്ശേരി, കറുകച്ചാൽ എന്നിവിടങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഇയാൾ പലരിൽ നിന്നായിതട്ടിയെടുത്തതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!