ബംഗളൂരു ദുരന്തം: മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ഒരു കുട്ടി അടക്കം 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിനിടെയും ആഘോഷം തുടര്‍ന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരു തരത്തിലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ദുരന്തത്തിന് കാരണം ആളുകള്‍ ഇടിച്ച് കയറിയതാണെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഗേറ്റുകളിലൂടെ ആളുകള്‍ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്റേത്. ചില ഗേറ്റുകള്‍ ആളുകള്‍ തകര്‍ത്തുവെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

35,000 പേര്‍ക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തില്‍ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!