ബിഎംഡബ്ല്യൂ കാർ വാങ്ങിനൽകിയില്ല; ജീവനൊടുക്കി 21-കാരൻ…

ബിഎംഡബ്ല്യൂ കാർ വാങ്ങിനൽകാത്തതിൽ ജീവനൊടുക്കി 21-കാരൻ. തെലങ്കാന സിദ്ദിപേട്ട് ചത്ത്‌ലപള്ളി സ്വദേശിയായ ബൊമ്മ ജോണിയാണ് കളനാശിനി കുടിച്ച് ജീവനൊടുക്കിയത്. ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പുതിയ വീടും ബിഎംഡബ്ല്യൂ കാറും ഉൾപ്പെടെ സ്വന്തമാക്കണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. ഇക്കാര്യം പലതവണ മാതാപിതാക്കളോട് ആവശ്യപ്പെടുകയുംചെയ്തു. ഇതിനിടെ യുവാവ് മദ്യത്തിനും അടിമപ്പെട്ടു.

ബൊമ്മ ജോണിയുടെ മാതാപിതാക്കൾ സിദ്ദിപേട്ടിലെ കർഷകരാണ്. സ്വന്തമായി രണ്ടേക്കറോളം ഭൂമിയുള്ള കുടുംബം കൃഷിയിൽനിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. പത്താംക്ലാസിൽ പഠിത്തം നിർത്തിയ ബൊമ്മ ജോണി ജോലിയില്ലാ ത്തതിനാൽ മാതാപിതാക്കളെ കൃഷിയിൽ സഹായിച്ചുവരികയായിരുന്നു.

ബിഎംഡബ്ല്യൂ കാർ വാങ്ങിനൽകണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെ ങ്കിലും അതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാൽ, കാർ വാങ്ങിനൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് യുവാവ് ഭീഷണിമുഴക്കി. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെയും കൂട്ടി മാതാപിതാക്കൾ സിദ്ദിപേട്ടിലെ കാർ ഷോറൂമിലെത്തി. ബിഎംഡബ്യൂ കാറിന് പകരം മാരുതി സ്വിഫ്റ്റ് ഡിസയർ വാങ്ങി നൽകാമെന്നായിരുന്നു മാതാപിതാക്കളുടെ വാഗ്ദാനം.

പക്ഷേ, ബൊമ്മ ജോണി ഇത് അംഗീകരിച്ചില്ല. ബിഎംഡബ്ല്യൂ കാർ തന്നെ വേണമെന്ന് വാശിപിടിച്ചു. തുടർന്ന് കുടുംബം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവാവ് കളനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.

വിഷം കഴിച്ചവിവരം യുവാവ് തന്നെയാണ് പിതാവിനോട് വെളിപ്പെടുത്തിയത്. ഇതോടെ പിതാവും മൂത്തസഹോദരനും ചേർന്ന് ബൈക്കിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!