കേരളാ കോണ്‍ഗ്രസില്‍ പയറ്റിത്തെളിഞ്ഞ നേതാവ്, ആരാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി?

നിലമ്പൂർ : മലയോര രാഷ്ട്രീയത്തില്‍ പ്രബലരായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു നിലമ്പൂരില്‍ ബിജെപിക്കായി ഉപതെരഞ്ഞെടുപ്പ് അങ്കതട്ടില്‍ ഇറങ്ങുന്ന അഡ്വ. മോഹന്‍ ജോര്‍ജ്ജ് .

നിലമ്പൂരില്‍ സ്വാധീനമുള്ള കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്പ് കേരളാ കോണ്‍ഗ്രസ് ബിയുടെ ജില്ലാ സെക്രട്ടറി ആയിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടി ചിഹ്നമായ താമരയില്‍ തന്നെയാവും മോഹന്‍ ജോര്‍ജ്ജ് നിലമ്പൂരില്‍ മല്‍സരിക്കുക. ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്ജ് നിലമ്പൂര്‍, മഞ്ചേരി കോടതികളില്‍ അഭിഭാഷന്‍ ആയി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 47 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ച് നില്‍ക്കുന്ന മാഹന്‍ ജോര്‍ജ്ജ് മാര്‍തോമ സഭാ അംഗമാണ്. മാര്‍തോമ സഭാ കൗണ്‍സില്‍ അംഗം കൂടിയായ ഇദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളായ കെഎസ്എസി, കെവൈഎഫ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു നിലവില്‍ ചുങ്കത്തറ മാര്‍ത്തോമ പള്ളി വൈസ് പ്രസിഡന്റ് ആണ്.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഘടകക്ഷിയായ ബിഡിജെഎസിന് സീറ്റ് നല്‍കാനും ഒരു ഘട്ടത്തില്‍ ആലോചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് മല്‍സര രംഗത്ത് ഉറച്ച് നില്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!