ഉടുമ്പൻചോലയിൽ തിരിച്ചടി; കാൽ നൂറ്റാണ്ടിന്റെ ചുവപ്പ് കോട്ട തകർത്ത് സേനാപതി വേണുവിന് വിജയം

ഇടുക്കി :  ഉടുമ്പൻചോലയിൽ രാഷ്ട്രീയ ചരിത്രം വഴിമാറുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, കേരളം ഉറ്റുനോക്കിയ ആവേശകരമായ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണു അട്ടിമറി വിജയം കരസ്ഥമാക്കിയിരിക്കുന്നു. 20000ത്തിൽ വോട്ടുകൾക്കാണ് വിജയം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെട്ടിരുന്ന ഈ മണ്ണിൽ മാറ്റത്തിന്റെ കാറ്റ് വീശിയത് അപ്രതീക്ഷിതമല്ലെങ്കിലും, അതിന്റെ തീവ്രത രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. കാൽനൂറ്റാണ്ട് കാലം ചുവപ്പണിഞ്ഞുനിന്ന ഉടുമ്പൻചോലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ പുതിയൊരു അധ്യായം ഇവിടെ കുറിക്കപ്പെടുന്നു.

ഉടുമ്പൻചോലയുടെ രാഷ്ട്രീയചരിത്രം പരിശോധിച്ചാൽ 2001 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ഇവിടെ വിജയിച്ചുകൊണ്ടിരിക്കുന്നത്. 1991-ലും 1996-ലും കോൺഗ്രസിലെ ഇ.എം. ആഗസ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നുവെങ്കിലും അതിനുശേഷം മണ്ഡലം യുഡിഎഫിന് തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കെ.കെ. ജയചന്ദ്രനും എം.എം. മണിയും മാറിമാറി പ്രതിനിധീകരിച്ച ഈ മണ്ഡലം എൽഡിഎഫിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ ചരിത്രപരമായ മേധാവിത്വത്തിനാണ് സേനാപതി വേണു എന്ന കരുത്തനായ സ്ഥാനാർത്ഥി വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ഇടതുപക്ഷത്തിനൊപ്പം നിന്ന തോട്ടം തൊഴിലാളികളും കുടിയേറ്റ കർഷകരും ഇത്തവണ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!