പത്തനംതിട്ട: മതവിദ്വേഷ പ്രചാരണം നടത്തിയ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്ത് പോലീസ്. നാരങ്ങാനം അഞ്ചാം വാർഡ് അംഗം ആബിദ ഭായ്‌ക്കെതിരെയാണ് കേസ് എടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആബിദ വിദ്വേഷ പ്രചാരണം നടത്തിയത്.
ആറന്മുള പോലീസാണ് കേസ് എടുത്തിട്ടുള്ളത്. അയോദ്ധ്യയിൽ പൂർത്തിയായ രാമക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിനെതിരായ വീഡിയോകൾ ആബിദ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. രാമക്ഷേത്രത്തെയും ശ്രീരാമനെയും അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോകൾ ആണ് ഇവർ പങ്കുവച്ചത്. ഇതിന് പുറമേ ശബരിമലയെക്കുറിച്ചുള്ള വീഡിയോകളും പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാരങ്ങാനം സ്വദേശി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
ഇതിനിടെ വ്യാപക വിമർശനം ഉയർന്നതോടെ ആബിദ വീഡിയോ നീക്കം ചെയ്തു. എന്നാൽ പരാതിയിൽ സത്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ട പോലീസ് കേസ് എടുക്കുകയായിരുന്നു.
സംഭവത്തിൽ ആബിദയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
